മാള: മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വിദ്യാഭ്യാസമേഖലയിൽ മികവു തെളിയിച്ച പ്രധാനാധ്യാപകരെയും അധ്യാപകരെയും അവാർഡ് നൽകി ആദരിക്കുന്നു.
വിവിധ വിഭാഗങ്ങളിലായി നൽകുന്ന മെറ്റ്സ് അവാർഡ് ഫോർ എഡ്യുക്കേഷണൽ എക്സലൻസ് 2025ന് എൻട്രികൾ ക്ഷണിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള ഹയർ സെക്കൻഡറി, സീനിയർ സെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പൽമാരെയും അധ്യാപകരെയും ആദരിക്കാനാണ് പദ്ധതി.
പ്രിൻസിപ്പൽമാർക്കായി മികച്ച അക്കാദമിക് നേട്ടങ്ങൾ, നൂതന വിദ്യാഭ്യാസപരിഷ്കാരങ്ങൾ, നേതൃത്വ മികവ് തുടങ്ങിയ മൂന്നു വിഭാഗങ്ങളിലായാണ് അവാർഡുകൾ നിശ്ചയിച്ചിരിക്കുന്നത്.
അധ്യാപകർക്കായി മെറ്റ്സ് എക്സലന്റ് ടീച്ചർ അവാർഡ്, മെറ്റ്സ് സബ്ജക്ട് എക്സ്പേർട്ട് അവാർഡ് എന്നീ രണ്ടു വിഭാഗങ്ങൾ ഉണ്ടാകും.
സബ്ജക്ട് എക്സ്പേർട്ട് അവാർഡുകൾ മാത്തമാറ്റിക്സ് - കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ് - കെമിസ്ട്രി - ബയോളജി, ഇക്കണോമിക്സ് - ബിസിനസ് സ്റ്റഡീസ് - അക്കൗണ്ടൻസി എന്നീ മൂന്ന് വിഭാഗങ്ങളിൽ സമ്മാനിക്കും. അധ്യാപകരുടെ നാമനിർദേശം അതാത് സ്കൂളിലെ പ്രിൻസിപ്പൽ നൽകണം.
പ്രിൻസിപ്പൽമാർ അവരുടെ അപേക്ഷ സ്വയം സമർപ്പിക്കാവുന്നതാണെന്നു പത്രസമ്മേളനത്തിൽ മെറ്റ്സ് ചെയർമാൻ ഡോ. ഷാജു ആന്റണി ഐനിക്കൽ, സിഇഒ ഡോ. ജോർജ് കോലഞ്ചേരി, അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ എന്നിവർ പറഞ്ഞു.
അപേക്ഷകൾ https://forms.gle/guSfCXdF8Lrz Mfex5 വഴി സമർപ്പിക്കാം. അവസാന തീയതി ഇന്നാണ്.